ബോളിവുഡിലെ ഒരു കാലത്തെ താരപ്രഭാവമായിരുന്ന
വിനോദ് ഖന്ന വിടവാങ്ങി. എഴുപത് വയസ്സായിരുന്നു ആ സന്യാസിയായ നടന്.
ബോളിവുഡില്‍ പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍
എല്ലാം വിട്ടെറിഞ്ഞ അപൂര്‍വം ചിലരില്‍ ഒരാളായിരുന്നു വിനോദ് ഖന്ന. ഒരു കാലത്ത്
താരമൂല്യത്തില്‍ അമിതാഭ് ബച്ചനോടൊപ്പം മത്സരിച്ചിരുന്നു അദ്ദേഹം. പക്ഷേ, എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് വിനോദ് ഖന്ന അഭിനയത്തില്‍
നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. 1982 ല്‍
ആയിരുന്നു തന്‌റെ ആത്മീയഗുരുവായ ഓഷോ രജനീഷിന്‌റെ അനുയായിയായി അദ്ദേഹം സിനിമ
ഉപേക്ഷിച്ച് പോയത്. ആ വര്‍ഷം തന്നെയായിരുന്നു വിനോദ് ഖന്നയുടെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ 'താക്കത്'
പുറത്തിറങ്ങിയ വര്‍ഷം.
എപ്പോഴും അപ്രതീക്ഷിത തീരുമാനങ്ങള്‍ കൊണ്ട്
ആരാധകരെ ഞെട്ടിക്കുമായിരുന്നു ബോളിവുഡിലെ എക്കാലത്തേയും സുന്ദരന്മാരില്‍ ഒരാളായി
അറിയപ്പെട്ടിരുന്ന വിനോദ് ഖന്ന. സെക്‌സി സന്യാസി എന്നായിരുന്നു അദ്ദേഹം
സിനിമാരംഗത്ത് അറിയപ്പെട്ടിരുന്നത്. വില്ലനായി തുടങ്ങി നായകനായി മാറിയ ഖന്നയുടെ യാത്ര
അത്ര എളുപ്പവും ആയിരുന്നില്ല.
പാകിസ്ഥാനിലെ പെഷാവാറില്‍ 1946 ല്‍ ഒരു പഞ്ചാബി കുടുംബത്തിലായിരുന്നു ആയിരുന്നു വിനോദ് ഖന്ന
ജനിച്ചത്. പിന്നീട് ഡല്‍ഹിയിലേയ്ക്കു താമസം മാറ്റി. നാസിക്കിനടുത്തുള്ള ഒരു സ്‌കൂളില്‍
പഠിക്കുകയായിരുന്ന വിനോദിന്‌റെ കുട്ടിക്കാലം സോല്‍വാ സാല്‍, മുഗള്‍
ഏ ആസം തുടങ്ങിയ സിനിമകള്‍ കണ്ടായിരുന്നു നിറഞ്ഞിരുന്നത്. പതിയെ സിനിമ ഒരു സ്വപ്‌നമായി
മാറുകയായിരുന്നു.
1968 ല്‍ സുനിൽ ദത്ത് നിർമ്മിച്ച 'മന്‍ കാ മീത്' എന്ന ചിത്രത്തില്‍
വില്ലനായിട്ടായിരുന്നു വിനോദിന്‌റെ അരങ്ങേറ്റം. പിന്നീട് ചെറിയ വില്ലന്‍ വേഷങ്ങളുമായി
സിനിമാജീവിതം തുടര്‍ന്നു. ഹിന്ദി സിനിമയില്‍ വില്ലനായി തുടങ്ങി നായകവേഷത്തിലെത്തിയ
അപൂര്‍വം നടന്മാരില്‍ ഒരാളായിരുന്നു വിനോദ് ഖന്ന.
1971 ല്‍ 'ഹം
തും ഔര്‍ വോഹ്' എന്ന ചിത്രത്തിലൂടെ നായകവേഷം കെട്ടി
അദ്ദേഹം. അതേ വർഷം സംവിധായകനായ ഗുല്‍സാറിന്‌റെ 'മേരെ
അപ്‌നെ' എന്ന ചിത്രം വിനോദ് ഖന്നയ്ക്കു ബ്രേക്ക് നല്‍കി.
ശത്രുഘ്‌നന്‍ സിന്ഹയോടൊപ്പം മല്‍സരിച്ചഭിനയിച്ച ഖന്നയെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി. 1973 ല്‍
'അചാനക്' എന്ന
ചിത്രത്തിനെ അഭിനയത്തിനു വാനോളം പ്രശംസകള്‍ ലഭിച്ചു. ബോളിവുഡിലെ താരമായി അദ്ദേഹം
ഉയര്‍ന്നു.
ഗീതാഞ്ജലിയുമായുള്ള വിവാഹവും ആ
സമയത്തായിരുന്നു. രാഹുല്‍ ഖന്ന, അക്ഷയ് ഖന്ന എന്നിവര്‍ മക്കള്‍.
പിന്നീട് അന്നത്തെ തിളങ്ങും താരമായിരുന്ന
അമിതാഭ് ബച്ചനു എതിരാളിയായി വളര്‍ന്നു അദ്ദേഹം. എന്നാലും ഓഫ് ബീറ്റ് കഥാപാത്രങ്ങളെ
അവതരിപ്പിക്കാനും അദ്ദേഹം വിമുഖത കാണിച്ചില്ലായിരുന്നു. പ്രശസ്തി അദ്ദേഹത്തിനെ
ഒരിക്കലും മത്തു പിടിപ്പിച്ചില്ല. വെള്ളിത്തിരയില്‍ സ്വന്തം ഇടം
നേടിയെടുത്തെങ്കിലും ആത്മീയതയുടെ വഴിയിലേയ്്ക്കു നീങ്ങലായിരുന്നു അദ്ദേഹത്തിനു
താല്പര്യം. അങ്ങിനെ ഓഷോ രജനീഷിന്‌റെ ശിഷ്യത്വം സ്വീകരിച്ചു.
എണ്‍പതുകളുടെ തുടക്കത്തില്‍ വിനോദ്
അമേരിക്കയിലെ ഒറിഗണിലുള്ള ഓഷോ ആശ്രമത്തില്‍ പോയി സന്യാസജീവിതം ആരംഭിച്ചു. അവിടെ
തോട്ടക്കാരനായിട്ടായിരുന്നു അദ്ദേഹം സേവിച്ചിരുന്നത്. അഞ്ചു വര്‍ഷത്താളം അദ്ദേഹം
ഓഷോ രജനീഷ്പുരത്തില്‍ കഴിഞ്ഞു. അതോടെ ഗീതാഞ്ജലിയുമായി വിവാഹമോചനവും സംഭവിച്ചു.
പിന്നീട് ഭൗതികലോകവും ആത്മീയതയും ഒന്നിച്ചു
കൊണ്ടുപോകാമെന്നു തീരുമാനിച്ച അദ്ദേഹം സിനിമയുടെ ലോകത്തേയ്ക്കു മടങ്ങിയെത്തി.
ഡിംപിള്‍ കപാഡിയയോടൊപ്പം 'ഇന്‍സാഫ്' (1987) എന്ന ചിത്രത്തിലൂടെ വിനോദ് ഖന്ന വീണ്ടും തിരശ്ശീലയിലെത്തി.
വീണ്ടും വിനോദ് ഖന്ന ബോളിവുഡിലെ താരമായി. ജെ പി
ദത്ത, യാഷ് ചോപ്ര, മുകുല്‍
ആനന്ദ് തുടങ്ങിയ ഹിറ്റ് സംവിധായകര്‍ വിനോദ് ഖന്നയെ നായകാനാക്കി സിനിമ ചെയ്യാന്‍
മുന്നോട്ടു വന്നു. ധാരാളം ഹിറ്റുകള്‍ വിനോദിന്‌റെ പേരില്‍ ഇറങ്ങി.
തൊണ്ണൂറുകളോടെ തുടര്‍ച്ചയായ പരാജങ്ങള്‍
അദ്ദേഹത്തിനെ തേടിയെത്തി. വിനോദ് ഖന്നയുടെ താരമൂല്യം ഇടിയാന്‍ തുടങ്ങി.
കവിതയുമായുള്ള വിവാഹവും അപ്പോഴായിരുന്നു. ആദ്യഭാര്യയിലെ മകനായ അക്ഷയ് ഖന്നയെ
അപ്പോഴായിരുന്നു അദ്ദേഹം സിനിമയിൽ പരിചയപ്പെടുത്തിയത്.
സിനിമകള്‍ പരാജയമാകാന്‍ തുടങ്ങിയതോടെ അദ്ദേഹം
രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ബിജെപിയുടെ സ്ഥാനാര്‍ഥിയായി ലോകസഭയിലേയ്ക്കു
മത്സരിച്ചു. രണ്ട് പ്രാവശ്യം കേന്ദ്രമന്ത്രിയുമായി.
2009 ലെ തെരഞ്ഞെടുപ്പിൽ പരാജയം രുചിച്ച വിനോദ്
ഖന്ന 2014 ൽ ശക്തമായി തിരിച്ചെത്തി. ജീവിതത്തിലെ ഒന്നിനെക്കുറിച്ചും
വേവലാതിപ്പെടാത്ത ഒരു സന്യാസിയുടെ മനോഭാവമായിരുന്നു വിനോദ് ഖന്നയ്ക്ക്.
ഉയർച്ചതാഴ്ചകൾ അദ്ദേഹത്തിനെ അലട്ടിയതേയില്ല. പ്രശസ്തി ഒരിക്കലും ഭാരമായില്ല.
കാൻസർ ബാധിതനായി ചികിത്സയിലായിരുന്ന വിനോദ്
ഖന്ന വിടപറയുമ്പോൾ ബോളിവുഡിലെ താന്തോന്നികളായ നായകരിൽ ഒരാളെയാണു നമുക്കു
നഷ്ടമാകുന്നത്.
No comments:
Post a Comment