നിറഞ്ഞ കരഘോഷം, സദസ്സിലുള്ളവരുടെ
മുഖങ്ങളില്‍ ആഹ്ലാദം. ഓടി വന്ന് 'കലക്കി' എന്ന്
പറഞ്ഞ കോളേജ് വിദ്യാര്‍ഥിനി. അത്രയും മതിയായിരുന്നു കെന്നഡിയ്ക്ക് മനസ്സ് നിറയാന്‍.
1986 ല്‍ ചെന്നൈ ഐഐറ്റിയില്‍ ആയിരുന്നു കാണികളുടെ
പ്രശംസകള്‍ ഏറ്റു വാങ്ങിയ കെന്നഡിയുടെ പ്രകടനം. ആ നാടകമത്സരത്തില്‍ ലയോള കോളേജ്
വിദ്യാര്‍ഥിയായ കെന്നഡി മികച്ച നടനുള്ള പുരസ്‌കാരം നേടി.
ചെറുപ്രായം തൊട്ടേ കെന്നഡിയ്ക്ക് അഭിനയത്തിനോട്
ഭ്രമമായിരുന്നു. ഏര്‍ക്കാട് മൗണ്ട് ഫോര്‍ട്ട് സ്‌കൂളില്‍ മൂന്നം ക്ലാസ്സില്‍
പഠിക്കുമ്പോള്‍ സ്‌റ്റേഡ് പെര്‍ഫോര്‍മന്‍സ് കാണിച്ച് എല്ലാവരേയും
അതിശയിപ്പിക്കുമായിരുന്നു. കൈയടി കേള്‍ക്കുന്നത് ലഹരിയായിരുന്നു അവന്. ഒരു
നടനായാലേ ഇങ്ങനെ കൈയടി കേള്‍ക്കാന്‍ സാധിക്കൂയെന്ന് കെന്നഡിയ്ക്ക് ആ പ്രായത്തില്‍
തന്നെ തോന്നിയിരുന്നു.\
അഭിനയം എന്ന സ്വപ്‌നവുമായാണ് അവന്‍ വളര്‍ന്നത്.
ഒട്ടേറെ കലാകാരന്മാര്‍ക്ക് ജന്മം നല്‍കിയ ചെന്നൈ ലയോള കോളേജില്‍ പഠിക്കുമ്പോള്‍
സിനിമകളില്‍ താന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കൈയടികള്‍ മുഴങ്ങുന്നത് മാത്രമായിരുന്നു
മനസ്സില്‍. അതേ ഉത്സാഹത്തോടെ ഒരു ദിവസം കൂട്ടുകാരന്‌റെ ബൈക്കിനു പിന്നിലിരുന്ന്
യാത്ര ചെയ്യുകയായിരുന്നു. ഗവര്‍ണറുടെ ബംഗ്ലാവിന്‌റെ അരികിലെ ഒരു വളവ്.
ചെറുപ്പത്തിന്‌റെ ആവേശത്തില്‍ അല്പം വേഗത്തിലായിരുന്നു കൂട്ടുകാരന്‍ ബൈക്ക്
ഓടിച്ചിരുന്നത്.
പ്രതീക്ഷിക്കാതെ എതിര്‍വശത്തു നിന്നും ഒരു ലോറി
വന്നു. അപകടം ഒഴിവാക്കാനായി ബൈക്ക് വെട്ടിച്ചതാണ്. ചോരയൊലിപ്പിച്ച് നടുറോഡില്‍
കിടന്നു കെന്നഡി. ആ വഴിയ്ക്ക് കാറില്‍ വന്ന ഏതോ കൂട്ടുകാര്‍ കെന്നഡിയെ എടുത്ത്
ആശുപത്രിയില്‍ എത്തിച്ചു. കാലുകള്‍ക്ക് സാരമായ പരുക്ക്. കാല്‍ മുറിച്ചു കളഞ്ഞാലേ
ജീവന്‍ രക്ഷിക്കാന്‍ സാധിക്കൂയെന്ന് ഡോക്ടര്‍.
'എത്ര ചെലവായാലും കുഴപ്പമില്ല. എന്‌റെ
മകന്‍ പഴയപോലെ ആകണം' എന്നു പറഞ്ഞ് കെന്നഡിയെ ചെന്നൈയിലെ ഒരു
പ്രശസ്തമായ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി കെന്നഡിയുടെ അമ്മ.
ഒരു അഭിനേതാവിനു കാലുകള്‍ പ്രധാനമാണ് എന്ന്
കെന്നഡിയുടെ അമ്മ അന്ന് ധൈര്യപൂര്‍വം പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് 'ചീയാന്‍' വിക്രം എന്ന താരം
ഉണ്ടാകുമായിരുന്നില്ല. ആ അപകടത്തില്‍ നിന്നും കെന്നഡി കരകയറിയത് മറ്റൊരു കഥ.
കൂട്ടുകാരും മാതാപിതാക്കളും നല്‍കിയ ധൈര്യവും പിന്തുണയും കെന്നഡിയെ പഴയ
ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിച്ചു.
വിക്രം അഭിനയിച്ച 'ദില്‍'
എന്ന സിനിമയില്‍ ഈ സംഭവങ്ങള്‍ അതേപടി എടുത്തിട്ടുണ്ട്. പൊലീസ് ആകാന്‍
ആഗ്രഹിക്കുന്ന നായകന്‌റെ കാലുകള്‍ ഒരു ദിഷ്ടന്‍ പൊലീസ് അടിച്ചൊടിയ്ക്കുന്നു.
കൂട്ടുകാരും കുടുംബക്കാരും ചേര്‍ന്ന് അയാളെ പഴയപടിയാക്കുന്നു. വിക്രത്തിന്‌റെ
ജീവിതത്തിലെ ഒരു ഭാഗമായിരുന്നു അത്.
അദ്ദേഹത്തിന്‌റെ ജീവിതത്തിലെ പല സംഭവങ്ങളും അതേ
പോലെ സിനിമയിലും വന്നിട്ടുണ്ടെന്നുള്ളത് യാദൃച്ഛികം തന്നെ. ആ അപകടം കുറച്ചു
കാലത്തേയ്ക്ക് സ്വപ്‌നങ്ങളെ വൈകിച്ചു എന്നതല്ലാതെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല.
അദ്ദേഹം നടക്കാന്‍ ആഗ്രഹിച്ചതേ അഭിനയമോഹം കാരണമായിരുന്നു. പഴയപോലെ നടക്കാന്‍
തുടങ്ങിയപ്പോള്‍ ഒരു പരസ്യ കമ്പനിയില്‍ കോപി റൈറ്റര്‍ ആയി ജോലി ചെയ്യാന്‍ തുടങ്ങി.
ആ സമയത്ത് ചില ഷോര്‍ട്ട് ഫിലിമുകളില്‍
അഭിനിച്ചു. ദൂരദര്‍ശന്‍ സീരിയലുകളില്‍ മുഖം കാണിച്ചു. അഭിനയിക്കാന്‍ കിട്ടിയ ഒരു
അവസരവും പാഴാക്കിയില്ല. അപ്പോഴാണ് ഒരു ചെറിയ ബജറ്റ്് സിനിമയില്‍ അഭിനയിക്കാന്‍
അവസരം വരുന്നത്. 'എന്‍ കാതല്‍ കണ്‍മണി' എന്നായിരുന്നു വിക്രം അഭിനയിച്ച് ആദ്യത്തെ സിനിമയുടെ പേര്.
സിനിമ പകുതിയായപ്പോഴേയ്ക്കും ബജറ്റ് പ്രശ്‌നം
കാരണം നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. തന്‌റെ സ്വപ്‌നങ്ങള്‍ നടക്കില്ലയെന്ന
തോന്നലില്‍ വിഷമിക്കുമ്പോഴാണ് സംവിധായകന്‍ ശ്രീധര്‍ തന്‌റെ പുതിയ സിനിമയിലേയ്ക്ക്
പുതുമുഖങ്ങളെ തേടുന്നതായി അറിയുന്നത്. ശ്രീധറിനെ കണ്ട് സംസാരിച്ച കെന്നഡിയ്ക്കു
തന്നെ ആ വേഷം കിട്ടി. ആ സിനിമയാണ് 'തന്തുവിട്ടേന്‍ എന്നൈ'. പടം എട്ടുനിലയില്‍ പൊട്ടി.
എന്നാലും തളരാതെ അവസരങ്ങള്‍ക്കായി ശ്രമിച്ചു
കൊണ്ടിരുന്നു കെന്നഡി. അടുത്ത സിനിമയും പ്രശസ്ത സംവിധായകന്‌റെ ആയിരുന്നു. എസ് പി
മുത്തുരാമന്‌റെ 'കാവല്‍ഗീതം'. ആ
സിനിമയും വിജയിച്ചില്ല. മൂന്നാമത്തെ സിനിമയായിരുന്നു പി സി ശ്രീരാം സംവിധാനം ചെയ്ത
'മീര'.
ഇളയരാജയുടെ ഈണത്തില്‍ സൂപ്പര്‍ ഹിറ്റ്
പാട്ടുകളും സാങ്കേതികമികവും ഉണ്ടായിരുന്നിട്ടും ആ സിനിമയും വിജയിച്ചില്ല. എന്നാലും
വിക്രം എന്ന നടന്‌റെ അഭിനയമികവ് വെളിപ്പെടുത്തിയ ആദ്യത്തെ സിനിമ എന്നു മീരയെ
വിശേഷിപ്പിക്കാം. പിന്നെ മലയാളം, തെലുങ്ക് സിനികളില്‍ ധാരാളം അവസരങ്ങള്‍
ലഭിച്ചു. മണി രത്‌നത്തിന്‌റെ ബോംബേ എന്ന സിനിമയില്‍ ആദ്യം നിശ്ചയിച്ചിരുന്നത്
വിക്രമിനെ ആയിരുന്നു. പക്ഷേ, മനീഷ കൊയ് രാളയും വിക്രമും ചേര്‍ന്നുള്ള
ഫോട്ടോ ഷൂട്ടില്‍ മണി രത്‌നത്തിനു തൃപ്തി വന്നില്ല. അങ്ങിനെ ആ അവസരം നഷ്ടപ്പെട്ടു.
മണി രത്‌നം പിന്നീടൊരിക്കല്‍ തന്നെ
വിളിക്കുമെന്ന പ്രതീക്ഷയില്‍ അഭിനയം, സംഘട്ടനം,
നൃത്തം എന്നിവ പരിശീലിച്ചു കൊണ്ടിരുന്നു വിക്രം. അപ്പോള്‍ അജിത്,
അബ്ബാസ്, പ്രഭുദേവ തുടങ്ങിയവര്‍ക്കായി ഡബ്ബിംഗും
ചെയ്തിരുന്നു. ഏതെങ്കിലും ഒരു ദിവസം തനിക്കായി ഒരിടം സിനിമയില്‍ ഉണ്ടാകുമെന്ന്
പ്രതീക്ഷയും വച്ചു പുലര്‍ത്തിയിരുന്നു.
ബാലു മഹേന്ദ്രയുടെ 'സേതു'
എന്ന സിനിമയിലൂടെ വിക്രം അത് നേടി. അദ്ദേഹത്തിനെ മികച്ച നടനായി
തമിഴകം അംഗീകരിച്ചു. തന്‌റെ പത്തു വര്‍ഷത്തെ പോരാട്ടം ആയിരുന്നു സേതുവിലൂടെ വിക്രം
നേടിയെടുത്തത്.
അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് മണി രത്‌നം
പറഞ്ഞയച്ച വിക്രം പിന്നീട് അദ്ദേഹത്തിന്‌റെ തന്നെ രാവണന്‍ എന്ന സിനിമയില്‍
നായകനായി. അതിരിക്കട്ടെ, കെന്നഡി എങ്ങിനെ വിക്രം ആയി
എന്നതാണല്ലോ ചോദ്യം. കെന്നഡിയെ ചെറുപ്പത്തില്‍ എല്ലാവരും കെന്നി എന്നായിരുന്നു
വിളിച്ചിരുന്നത്. കുട്ടിക്കാലത്ത് അത് പ്രശ്‌നമില്ലായിരുന്നു. പക്ഷേ, മുതിര്‍ന്നപ്പോള്‍ അത് തനിയ്ക്കു ചേരില്ലെന്ന് കെന്നഡിയ്ക്കു തോന്നി.
അച്ഛന്‌റെ പേര് ആല്‍ബര്‍ട്ട് വിക്ടര്‍.
അമ്മയുടെ പേര് രാജേശ്വരി. അച്ഛന്‌റെ പേരിലെ 'വിക്'
(Vik) അമ്മയുടെ പേരിലെ 'രാ'
(Ra) എന്നിവ എടുത്ത് വിക്രം എന്നാക്കുകയായിരുന്നു. മറ്റൊരു കാര്യം കൂടി പറയാന്‍ മറന്നു. അന്ന് കോളേജില്‍ വച്ച് കൈ കൊടുത്ത വിദ്യാര്‍ഥിനിയില്ലേ, അവര്‍ തന്നെയാണ് വിക്രമിന്‌റെ നല്ലപാതി ഷൈലജ.
(Ra) എന്നിവ എടുത്ത് വിക്രം എന്നാക്കുകയായിരുന്നു. മറ്റൊരു കാര്യം കൂടി പറയാന്‍ മറന്നു. അന്ന് കോളേജില്‍ വച്ച് കൈ കൊടുത്ത വിദ്യാര്‍ഥിനിയില്ലേ, അവര്‍ തന്നെയാണ് വിക്രമിന്‌റെ നല്ലപാതി ഷൈലജ.