Monday, November 6, 2017

സ്പൈഡറും മുരുഗദാസും മഹേഷ് ബാബുവും...



ഹൈദരാബാദ് വാസക്കാലത്ത് വളരെ കുറച്ചു തെലുഗു സിനിമകളേ തിയ്യറ്ററിൽ പോയി കണ്ടിട്ടുള്ളൂ. തെലുഗു സുഹൃത്തുക്കൾ ടിക്കറ്റ് എടുക്കാമെന്നു പറഞ്ഞാലും സ്നേഹപൂർവ്വം നിരസിക്കുകയേയുള്ളൂ. നിർബന്ധം സഹിച്ച് തിയ്യറ്ററിൽ പോയപ്പോഴെല്ലാം തലവേദനയും ഓക്കാനവും കൊണ്ടേ തിരിച്ചു വന്നിട്ടുള്ളൂ. ശബ്ദമലിനീകരണം ആദ്യത്തെ കാരണം. ആൾക്കൂട്ടത്തിനിടയിൽ അകപ്പെടുമ്പോൾ തല കറങ്ങുന്ന പ്രശ്നം (എന്തോ മാനിയ) ഉള്ളതിനാൽ പത്തുനൂറു പേർ ഭീകരപാട്ടിനൊപ്പം നൃത്തം ചെയ്യുന്നത് കണ്ടാൽ ആകെ പ്രശ്നമാകും. നിർഭാഗ്യവശാൽ കണ്ടതിൽ മിക്കവാറും സിനിമകളിലും നൃത്തക്കാരുടെ തിരക്ക് അധികമായിരുന്നു. വയലൻസ് അതിനപ്പുറം. തെലുഗു കൂട്ടുകാർ അതെല്ലാം ആസ്വദിക്കുന്ന കൂട്ടരാണ്. പൊതുവേ അവിടത്തുകാർ ആഘോഷങ്ങളുടെ ആൾക്കാരാണ്. പരമാവധി ഒച്ചയുണ്ടാക്കുക എന്നതാകുന്നു അവരുടെ ആഘോഷം. അതിരിക്കട്ടെ!

തെലുഗു സിനിമയിൽ ലോജിക് തിരയുന്നവർ കാലം തെറ്റിപ്പിറന്നവരത്രേ. ഇടി, ഡാൻസ്, ഇടി ഡാൻസ് പിന്നെ പുട്ടിന് പീര പോലെ തകർപ്പൻ ഡയലോഗുകൾ. കഥാപാത്രങ്ങളെല്ലാം ചെവിപൊട്ടന്മാരാണോയെന്നു സംശയം തോന്നും ഡയലോഗ് ഡെലിവെറി കേട്ടാൽ. പോട്ടെ, അവർക്ക് അതൊക്കെ കൈയ്യടിക്കാനുള്ളതാണ്.

ഇതിനിടയിലും അപവാദങ്ങൾ ഇല്ലെന്ന് പറഞ്ഞൂടാ. രസിച്ചു കണ്ട തെലുഗു സിനിമകളും ഉണ്ട്. സിദ്ധാർഥിന്റെ ബൊമ്മരില്ലു, നുവ്വൊസ്താനണ്ടെ നേനൊദ്ദണ്ടാനാ എല്ലാം തരക്കേടില്ലാത്ത സിനിമകളായിരുന്നു. ആക്ഷൻ സിനിമകളിൽ കണ്ടിരിക്കാവുന്ന ആൾ മഹേഷ് ബാബുവിന്റെ സിനിമകൾ തന്നെ. ഒക്കഡു, അതഡു, കൌബോയ് സിനിമയായ തക്കാരി ദൊംഗ, പോക്കിരി, എല്ലാം തലവേദന സമ്മാനിക്കാത്തതും കണ്ടിരിക്കാവുന്നതുമായ സിനിമകൾ ആയിരുന്നു. തെലുഗു സിനിമയിൽ കുറച്ചു ബോധം ഉള്ള നടനും ആണ് മഹേഷ് ബാബു എന്നും തോന്നിയിട്ടുണ്ട്. റീമേയ്ക്കുകളിൽ അഭിനയിക്കാൻ താല്പര്യമില്ല എന്ന അദ്ദേഹത്തിന്റെ അഭിപ്രായമെല്ലാം നല്ലതായി തോന്നിയിട്ടുണ്ട്. ഈ അടുത്ത കാലത്ത് കണ്ട അർജുൻ റെഡ്ഡിയും ക്ലൈമാക്സ് ഒഴിച്ചാൽ നല്ല സിനിമയായിരുന്നു.
ഏ ആർ മുരുഗദാസിനെപ്പറ്റി പണ്ടേ അഭിപ്രായമില്ല. ഓവർറേറ്റഡ് ആയ സംവിധായകനായിട്ടേ അദ്ദേഹത്തിനെ കാണാൻ കഴിഞ്ഞിട്ടുള്ളൂ. നമ്മടെ പ്രിയദർശനെപ്പോലെയാണ് അദ്ദേഹം. പേരു കേൾക്കുമ്പോൾ സിനിമാലോകം എഴുന്നേറ്റു നിൽക്കും. പടൈപ്പുകളൊക്കെ ഒരുമാതിരി ആയിരിക്കുകയും ചെയ്യും. ആ മുരുഗദാസ് മഹേഷ് ബാബുവിനെ നായകനാക്കി സിനിമ, അതും തമിഴിൽ, ചെയ്യുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നിയത് മഹേഷ് ബാബു എന്ന ആകർഷണം കൊണ്ടു മാത്രമായിരുന്നു. വിജയിനെ വച്ച് മാസ് സിനിമകൾ (മാസ് ഗാർബേജുകൾ) സംവിധാനം ചെയ്ത് പരിചയമുള്ള മുരുഗദാസ് മഹേഷേട്ടനെ എങ്ങിനെ അവതരിപ്പിക്കും എന്ന കൌതുകവും ഉണ്ടായിരുന്നു. പക്ഷേ, പ്രതീക്ഷകൾക്ക് വിപരീതമായി ഒന്നും സംഭവിച്ചില്ല. മഹേഷേട്ടൻ തല വച്ചു കൊടുത്തു എന്നേ പറയാനുള്ളൂ.
ആക്ഷൻ സിനിമയിൽ (സിനിമയിൽത്തന്നെ) ലോജിക് തേടരുതെന്ന് സ്വയം പഠിപ്പിച്ച ശീലമാണ്. പക്ഷേ, മഹേഷ് ബാബുവിന്റെ ഞാൻ കണ്ടിട്ടുള്ള സിനിമകൾ അത്രയ്ക്കൊന്നും പ്രശ്നപൂരിതമായിരുന്നില്ല. ആ കുറവ് നികത്താൻ മുരുഗദാസിനായി, സ്പൈഡർ എന്ന സിനിമയിലൂടെ.
എസ് ജെ സൂര്യയുടെ കഥാപാത്രം ഡിസ്നി കാർട്ടൂണുകളിലെ വില്ലന്മാരെപ്പോലെയായിപ്പോയി. നന്നായി ജോലി ചെയ്തിട്ടുണ്ട് സൂര്യ. സൈക്കോ വില്ലൻ ഒരുതരം പ്രത്യേക ശബ്ദത്തിൽ നാടകശൈലിയിൽ സംസാരിക്കണമെന്ന് ഉണ്ടോ ആവോ. അവസാനം ബാറ്റ്മാനിലെ ജോക്കറുടെ രൂപമെല്ലാം തോന്നുന്നുണ്ട് സുടലൈയ്ക്ക്. പാറയുരുട്ടലും ആശുപത്രി തകർക്കലും അവസരം കിട്ടുമ്പോൾ പാട്ടുകളും (അല്ലാ, ആ നായിക എന്തിനായിരുന്നു? ആകെ ഒരു നിർണ്ണായക ക്ലൂ കൊടുക്കുക മാത്രമേ മൊത്തം സിനിമയിൽ ആ കുട്ടി ചെയ്തിട്ടുള്ളൂ).
സ്പൈഡർ എത്രത്തോളം മുഷിപ്പിച്ചെന്നും നിരാശപ്പെടുത്തിയെന്നും വിശദീകരിക്കാൻ വയ്യ. ഒരു കാര്യം പറഞ്ഞ് അവസാനിപ്പിക്കാം, മഹേഷ് ബാബുവിനു പകരം വിജയിനെ നായകനാക്കിയിരുന്നെങ്കിൽ ഉപകാരപ്പെട്ടേനേം. സിനിമ കാണുകേം വേണ്ട, ഉൽക്കയെ പിടിച്ചു നിർത്തിയാലും അതിശയിക്കുകയും വേണ്ട.

എന്നാലും ന്റെ മഹേഷ് ബാബു അണ്ണയ്യാ, മീരു എന്തുക്കു എലാ ചേസാരു???


Sunday, September 24, 2017

സ്വപ്നങ്ങൾ കൈവിടാത്ത കെന്നഡി, അല്ല വിക്രം


നിറഞ്ഞ കരഘോഷം, സദസ്സിലുള്ളവരുടെ മുഖങ്ങളില്‍ ആഹ്ലാദം. ഓടി വന്ന് 'കലക്കി' എന്ന് പറഞ്ഞ കോളേജ് വിദ്യാര്‍ഥിനി. അത്രയും മതിയായിരുന്നു കെന്നഡിയ്ക്ക് മനസ്സ് നിറയാന്‍. 1986 ല്‍ ചെന്നൈ ഐഐറ്റിയില്‍ ആയിരുന്നു കാണികളുടെ പ്രശംസകള്‍ ഏറ്റു വാങ്ങിയ കെന്നഡിയുടെ പ്രകടനം. ആ നാടകമത്സരത്തില്‍ ലയോള കോളേജ് വിദ്യാര്‍ഥിയായ കെന്നഡി മികച്ച നടനുള്ള പുരസ്‌കാരം നേടി.

ചെറുപ്രായം തൊട്ടേ കെന്നഡിയ്ക്ക് അഭിനയത്തിനോട് ഭ്രമമായിരുന്നു. ഏര്‍ക്കാട് മൗണ്ട് ഫോര്‍ട്ട് സ്‌കൂളില്‍ മൂന്നം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്‌റ്റേഡ് പെര്‍ഫോര്‍മന്‍സ് കാണിച്ച് എല്ലാവരേയും അതിശയിപ്പിക്കുമായിരുന്നു. കൈയടി കേള്‍ക്കുന്നത് ലഹരിയായിരുന്നു അവന്. ഒരു നടനായാലേ ഇങ്ങനെ കൈയടി കേള്‍ക്കാന്‍ സാധിക്കൂയെന്ന് കെന്നഡിയ്ക്ക് ആ പ്രായത്തില്‍ തന്നെ തോന്നിയിരുന്നു.\


അഭിനയം എന്ന സ്വപ്‌നവുമായാണ് അവന്‍ വളര്‍ന്നത്. ഒട്ടേറെ കലാകാരന്മാര്‍ക്ക് ജന്മം നല്‍കിയ ചെന്നൈ ലയോള കോളേജില്‍ പഠിക്കുമ്പോള്‍ സിനിമകളില്‍ താന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കൈയടികള്‍ മുഴങ്ങുന്നത് മാത്രമായിരുന്നു മനസ്സില്‍. അതേ ഉത്സാഹത്തോടെ ഒരു ദിവസം കൂട്ടുകാരന്‌റെ ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഗവര്‍ണറുടെ ബംഗ്ലാവിന്‌റെ അരികിലെ ഒരു വളവ്. ചെറുപ്പത്തിന്‌റെ ആവേശത്തില്‍ അല്പം വേഗത്തിലായിരുന്നു കൂട്ടുകാരന്‍ ബൈക്ക് ഓടിച്ചിരുന്നത്.

പ്രതീക്ഷിക്കാതെ എതിര്‍വശത്തു നിന്നും ഒരു ലോറി വന്നു. അപകടം ഒഴിവാക്കാനായി ബൈക്ക് വെട്ടിച്ചതാണ്. ചോരയൊലിപ്പിച്ച് നടുറോഡില്‍ കിടന്നു കെന്നഡി. ആ വഴിയ്ക്ക് കാറില്‍ വന്ന ഏതോ കൂട്ടുകാര്‍ കെന്നഡിയെ എടുത്ത് ആശുപത്രിയില്‍ എത്തിച്ചു. കാലുകള്‍ക്ക് സാരമായ പരുക്ക്. കാല്‍ മുറിച്ചു കളഞ്ഞാലേ ജീവന്‍ രക്ഷിക്കാന്‍ സാധിക്കൂയെന്ന് ഡോക്ടര്‍.

'എത്ര ചെലവായാലും കുഴപ്പമില്ല. എന്‌റെ മകന്‍ പഴയപോലെ ആകണം' എന്നു പറഞ്ഞ് കെന്നഡിയെ ചെന്നൈയിലെ ഒരു പ്രശസ്തമായ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി കെന്നഡിയുടെ അമ്മ.

ഒരു അഭിനേതാവിനു കാലുകള്‍ പ്രധാനമാണ് എന്ന് കെന്നഡിയുടെ അമ്മ അന്ന് ധൈര്യപൂര്‍വം പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് 'ചീയാന്‍' വിക്രം എന്ന താരം ഉണ്ടാകുമായിരുന്നില്ല. ആ അപകടത്തില്‍ നിന്നും കെന്നഡി കരകയറിയത് മറ്റൊരു കഥ. കൂട്ടുകാരും മാതാപിതാക്കളും നല്‍കിയ ധൈര്യവും പിന്തുണയും കെന്നഡിയെ പഴയ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിച്ചു.

വിക്രം അഭിനയിച്ച 'ദില്‍' എന്ന സിനിമയില്‍ ഈ സംഭവങ്ങള്‍ അതേപടി എടുത്തിട്ടുണ്ട്. പൊലീസ് ആകാന്‍ ആഗ്രഹിക്കുന്ന നായകന്‌റെ കാലുകള്‍ ഒരു ദിഷ്ടന്‍ പൊലീസ് അടിച്ചൊടിയ്ക്കുന്നു. കൂട്ടുകാരും കുടുംബക്കാരും ചേര്‍ന്ന് അയാളെ പഴയപടിയാക്കുന്നു. വിക്രത്തിന്‌റെ ജീവിതത്തിലെ ഒരു ഭാഗമായിരുന്നു അത്.

അദ്ദേഹത്തിന്‌റെ ജീവിതത്തിലെ പല സംഭവങ്ങളും അതേ പോലെ സിനിമയിലും വന്നിട്ടുണ്ടെന്നുള്ളത് യാദൃച്ഛികം തന്നെ. ആ അപകടം കുറച്ചു കാലത്തേയ്ക്ക് സ്വപ്‌നങ്ങളെ വൈകിച്ചു എന്നതല്ലാതെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം നടക്കാന്‍ ആഗ്രഹിച്ചതേ അഭിനയമോഹം കാരണമായിരുന്നു. പഴയപോലെ നടക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു പരസ്യ കമ്പനിയില്‍ കോപി റൈറ്റര്‍ ആയി ജോലി ചെയ്യാന്‍ തുടങ്ങി.

ആ സമയത്ത് ചില ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനിച്ചു. ദൂരദര്‍ശന്‍ സീരിയലുകളില്‍ മുഖം കാണിച്ചു. അഭിനയിക്കാന്‍ കിട്ടിയ ഒരു അവസരവും പാഴാക്കിയില്ല. അപ്പോഴാണ് ഒരു ചെറിയ ബജറ്റ്് സിനിമയില്‍ അഭിനയിക്കാന്‍ അവസരം വരുന്നത്. 'എന്‍ കാതല്‍ കണ്‍മണി' എന്നായിരുന്നു വിക്രം അഭിനയിച്ച് ആദ്യത്തെ സിനിമയുടെ പേര്. 

സിനിമ പകുതിയായപ്പോഴേയ്ക്കും ബജറ്റ് പ്രശ്‌നം കാരണം നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. തന്‌റെ സ്വപ്‌നങ്ങള്‍ നടക്കില്ലയെന്ന തോന്നലില്‍ വിഷമിക്കുമ്പോഴാണ് സംവിധായകന്‍ ശ്രീധര്‍ തന്‌റെ പുതിയ സിനിമയിലേയ്ക്ക് പുതുമുഖങ്ങളെ തേടുന്നതായി അറിയുന്നത്. ശ്രീധറിനെ കണ്ട് സംസാരിച്ച കെന്നഡിയ്ക്കു തന്നെ ആ വേഷം കിട്ടി. ആ സിനിമയാണ് 'തന്തുവിട്ടേന്‍ എന്നൈ'. പടം എട്ടുനിലയില്‍ പൊട്ടി.

എന്നാലും തളരാതെ അവസരങ്ങള്‍ക്കായി ശ്രമിച്ചു കൊണ്ടിരുന്നു കെന്നഡി. അടുത്ത സിനിമയും പ്രശസ്ത സംവിധായകന്‌റെ ആയിരുന്നു. എസ് പി മുത്തുരാമന്‌റെ 'കാവല്‍ഗീതം'. ആ സിനിമയും വിജയിച്ചില്ല. മൂന്നാമത്തെ സിനിമയായിരുന്നു പി സി ശ്രീരാം സംവിധാനം ചെയ്ത 'മീര'.

ഇളയരാജയുടെ ഈണത്തില്‍ സൂപ്പര്‍ ഹിറ്റ് പാട്ടുകളും സാങ്കേതികമികവും ഉണ്ടായിരുന്നിട്ടും ആ സിനിമയും വിജയിച്ചില്ല. എന്നാലും വിക്രം എന്ന നടന്‌റെ അഭിനയമികവ് വെളിപ്പെടുത്തിയ ആദ്യത്തെ സിനിമ എന്നു മീരയെ വിശേഷിപ്പിക്കാം. പിന്നെ മലയാളം, തെലുങ്ക് സിനികളില്‍ ധാരാളം അവസരങ്ങള്‍ ലഭിച്ചു. മണി രത്‌നത്തിന്‌റെ ബോംബേ എന്ന സിനിമയില്‍ ആദ്യം നിശ്ചയിച്ചിരുന്നത് വിക്രമിനെ ആയിരുന്നു. പക്ഷേ, മനീഷ കൊയ് രാളയും വിക്രമും ചേര്‍ന്നുള്ള ഫോട്ടോ ഷൂട്ടില്‍ മണി രത്‌നത്തിനു തൃപ്തി വന്നില്ല. അങ്ങിനെ ആ അവസരം നഷ്ടപ്പെട്ടു.
മണി രത്‌നം പിന്നീടൊരിക്കല്‍ തന്നെ വിളിക്കുമെന്ന പ്രതീക്ഷയില്‍ അഭിനയം, സംഘട്ടനം, നൃത്തം എന്നിവ പരിശീലിച്ചു കൊണ്ടിരുന്നു വിക്രം. അപ്പോള്‍ അജിത്, അബ്ബാസ്, പ്രഭുദേവ തുടങ്ങിയവര്‍ക്കായി ഡബ്ബിംഗും ചെയ്തിരുന്നു. ഏതെങ്കിലും ഒരു ദിവസം തനിക്കായി ഒരിടം സിനിമയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷയും വച്ചു പുലര്‍ത്തിയിരുന്നു.

ബാലു മഹേന്ദ്രയുടെ 'സേതു' എന്ന സിനിമയിലൂടെ വിക്രം അത് നേടി. അദ്ദേഹത്തിനെ മികച്ച നടനായി തമിഴകം അംഗീകരിച്ചു. തന്‌റെ പത്തു വര്‍ഷത്തെ പോരാട്ടം ആയിരുന്നു സേതുവിലൂടെ വിക്രം നേടിയെടുത്തത്.

അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് മണി രത്‌നം പറഞ്ഞയച്ച വിക്രം പിന്നീട് അദ്ദേഹത്തിന്‌റെ തന്നെ രാവണന്‍ എന്ന സിനിമയില്‍ നായകനായി. അതിരിക്കട്ടെ, കെന്നഡി എങ്ങിനെ വിക്രം ആയി എന്നതാണല്ലോ ചോദ്യം. കെന്നഡിയെ ചെറുപ്പത്തില്‍ എല്ലാവരും കെന്നി എന്നായിരുന്നു വിളിച്ചിരുന്നത്. കുട്ടിക്കാലത്ത് അത് പ്രശ്‌നമില്ലായിരുന്നു. പക്ഷേ, മുതിര്‍ന്നപ്പോള്‍ അത് തനിയ്ക്കു ചേരില്ലെന്ന് കെന്നഡിയ്ക്കു തോന്നി.

അച്ഛന്‌റെ പേര് ആല്‍ബര്‍ട്ട് വിക്ടര്‍. അമ്മയുടെ പേര് രാജേശ്വരി. അച്ഛന്‌റെ പേരിലെ 'വിക്' (Vik) അമ്മയുടെ പേരിലെ 'രാ'
(Ra) എന്നിവ എടുത്ത് വിക്രം എന്നാക്കുകയായിരുന്നു. മറ്റൊരു കാര്യം കൂടി പറയാന്‍ മറന്നു. അന്ന് കോളേജില്‍ വച്ച് കൈ കൊടുത്ത വിദ്യാര്‍ഥിനിയില്ലേ, അവര്‍ തന്നെയാണ് വിക്രമിന്‌റെ നല്ലപാതി ഷൈലജ.





സൂപ്പർ ഹിറ്റുകൾ ഉപേക്ഷിച്ച സെക്സി സന്യാസി വിനോദ് ഖന്നയെക്കുറിച്ച് ഇതെല്ലാം അറിയാമോ?

ബോളിവുഡിലെ ഒരു കാലത്തെ താരപ്രഭാവമായിരുന്ന വിനോദ് ഖന്ന വിടവാങ്ങി. എഴുപത് വയസ്സായിരുന്നു ആ സന്യാസിയായ നടന്.

ബോളിവുഡില്‍ പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ എല്ലാം വിട്ടെറിഞ്ഞ അപൂര്‍വം ചിലരില്‍ ഒരാളായിരുന്നു വിനോദ് ഖന്ന. ഒരു കാലത്ത് താരമൂല്യത്തില്‍ അമിതാഭ് ബച്ചനോടൊപ്പം മത്സരിച്ചിരുന്നു അദ്ദേഹം. പക്ഷേ, എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് വിനോദ് ഖന്ന അഭിനയത്തില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. 1982 ല്‍ ആയിരുന്നു തന്‌റെ ആത്മീയഗുരുവായ ഓഷോ രജനീഷിന്‌റെ അനുയായിയായി അദ്ദേഹം സിനിമ ഉപേക്ഷിച്ച് പോയത്. ആ വര്‍ഷം തന്നെയായിരുന്നു വിനോദ് ഖന്നയുടെ എക്കാലത്തേയും  വലിയ ഹിറ്റുകളിലൊന്നായ 'താക്കത്' പുറത്തിറങ്ങിയ വര്‍ഷം.


എപ്പോഴും അപ്രതീക്ഷിത തീരുമാനങ്ങള്‍ കൊണ്ട് ആരാധകരെ ഞെട്ടിക്കുമായിരുന്നു ബോളിവുഡിലെ എക്കാലത്തേയും സുന്ദരന്മാരില്‍ ഒരാളായി അറിയപ്പെട്ടിരുന്ന വിനോദ് ഖന്ന. സെക്‌സി സന്യാസി എന്നായിരുന്നു അദ്ദേഹം സിനിമാരംഗത്ത് അറിയപ്പെട്ടിരുന്നത്. വില്ലനായി തുടങ്ങി നായകനായി മാറിയ ഖന്നയുടെ യാത്ര അത്ര എളുപ്പവും ആയിരുന്നില്ല.

പാകിസ്ഥാനിലെ പെഷാവാറില്‍ 1946 ല്‍ ഒരു പഞ്ചാബി കുടുംബത്തിലായിരുന്നു ആയിരുന്നു വിനോദ് ഖന്ന ജനിച്ചത്. പിന്നീട് ഡല്‍ഹിയിലേയ്ക്കു താമസം മാറ്റി. നാസിക്കിനടുത്തുള്ള ഒരു സ്‌കൂളില്‍ പഠിക്കുകയായിരുന്ന വിനോദിന്‌റെ കുട്ടിക്കാലം സോല്‍വാ സാല്‍, മുഗള്‍ ഏ ആസം തുടങ്ങിയ സിനിമകള്‍ കണ്ടായിരുന്നു നിറഞ്ഞിരുന്നത്. പതിയെ സിനിമ ഒരു സ്വപ്‌നമായി മാറുകയായിരുന്നു.

1968 ല്‍ സുനിൽ ദത്ത് നിർമ്മിച്ച 'മന്‍ കാ മീത്' എന്ന ചിത്രത്തില്‍ വില്ലനായിട്ടായിരുന്നു വിനോദിന്‌റെ അരങ്ങേറ്റം. പിന്നീട് ചെറിയ വില്ലന്‍ വേഷങ്ങളുമായി സിനിമാജീവിതം തുടര്‍ന്നു. ഹിന്ദി സിനിമയില്‍ വില്ലനായി തുടങ്ങി നായകവേഷത്തിലെത്തിയ അപൂര്‍വം നടന്മാരില്‍ ഒരാളായിരുന്നു വിനോദ് ഖന്ന.
1971 ല്‍ 'ഹം തും ഔര്‍ വോഹ്' എന്ന ചിത്രത്തിലൂടെ നായകവേഷം കെട്ടി അദ്ദേഹം. അതേ വർഷം സംവിധായകനായ ഗുല്‍സാറിന്‌റെ 'മേരെ അപ്‌നെ' എന്ന ചിത്രം വിനോദ് ഖന്നയ്ക്കു ബ്രേക്ക് നല്‍കി. ശത്രുഘ്‌നന്‍ സിന്ഹയോടൊപ്പം മല്‍സരിച്ചഭിനയിച്ച ഖന്നയെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി. 1973 ല്‍ 'അചാനക്' എന്ന ചിത്രത്തിനെ അഭിനയത്തിനു വാനോളം പ്രശംസകള്‍ ലഭിച്ചു. ബോളിവുഡിലെ താരമായി അദ്ദേഹം ഉയര്‍ന്നു.

ഗീതാഞ്ജലിയുമായുള്ള വിവാഹവും ആ സമയത്തായിരുന്നു. രാഹുല്‍ ഖന്ന, അക്ഷയ് ഖന്ന എന്നിവര്‍ മക്കള്‍.

പിന്നീട് അന്നത്തെ തിളങ്ങും താരമായിരുന്ന അമിതാഭ് ബച്ചനു എതിരാളിയായി വളര്‍ന്നു അദ്ദേഹം. എന്നാലും ഓഫ് ബീറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കാനും അദ്ദേഹം വിമുഖത കാണിച്ചില്ലായിരുന്നു. പ്രശസ്തി അദ്ദേഹത്തിനെ ഒരിക്കലും മത്തു പിടിപ്പിച്ചില്ല. വെള്ളിത്തിരയില്‍ സ്വന്തം ഇടം നേടിയെടുത്തെങ്കിലും ആത്മീയതയുടെ വഴിയിലേയ്്ക്കു നീങ്ങലായിരുന്നു അദ്ദേഹത്തിനു താല്പര്യം. അങ്ങിനെ ഓഷോ രജനീഷിന്‌റെ ശിഷ്യത്വം സ്വീകരിച്ചു.

എണ്‍പതുകളുടെ തുടക്കത്തില്‍ വിനോദ് അമേരിക്കയിലെ ഒറിഗണിലുള്ള ഓഷോ ആശ്രമത്തില്‍ പോയി സന്യാസജീവിതം ആരംഭിച്ചു. അവിടെ തോട്ടക്കാരനായിട്ടായിരുന്നു അദ്ദേഹം സേവിച്ചിരുന്നത്. അഞ്ചു വര്‍ഷത്താളം അദ്ദേഹം ഓഷോ രജനീഷ്പുരത്തില്‍ കഴിഞ്ഞു. അതോടെ ഗീതാഞ്ജലിയുമായി വിവാഹമോചനവും സംഭവിച്ചു.

പിന്നീട് ഭൗതികലോകവും ആത്മീയതയും ഒന്നിച്ചു കൊണ്ടുപോകാമെന്നു തീരുമാനിച്ച അദ്ദേഹം സിനിമയുടെ ലോകത്തേയ്ക്കു മടങ്ങിയെത്തി. ഡിംപിള്‍ കപാഡിയയോടൊപ്പം 'ഇന്‍സാഫ്' (1987) എന്ന ചിത്രത്തിലൂടെ വിനോദ് ഖന്ന വീണ്ടും തിരശ്ശീലയിലെത്തി.

വീണ്ടും വിനോദ് ഖന്ന ബോളിവുഡിലെ താരമായി. ജെ പി ദത്ത, യാഷ് ചോപ്ര, മുകുല്‍ ആനന്ദ് തുടങ്ങിയ ഹിറ്റ് സംവിധായകര്‍ വിനോദ് ഖന്നയെ നായകാനാക്കി സിനിമ ചെയ്യാന്‍ മുന്നോട്ടു വന്നു. ധാരാളം ഹിറ്റുകള്‍ വിനോദിന്‌റെ പേരില്‍ ഇറങ്ങി.

തൊണ്ണൂറുകളോടെ തുടര്‍ച്ചയായ പരാജങ്ങള്‍ അദ്ദേഹത്തിനെ തേടിയെത്തി. വിനോദ് ഖന്നയുടെ താരമൂല്യം ഇടിയാന്‍ തുടങ്ങി. കവിതയുമായുള്ള വിവാഹവും അപ്പോഴായിരുന്നു. ആദ്യഭാര്യയിലെ മകനായ അക്ഷയ് ഖന്നയെ അപ്പോഴായിരുന്നു അദ്ദേഹം സിനിമയിൽ പരിചയപ്പെടുത്തിയത്.


സിനിമകള്‍ പരാജയമാകാന്‍ തുടങ്ങിയതോടെ അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ബിജെപിയുടെ സ്ഥാനാര്‍ഥിയായി ലോകസഭയിലേയ്ക്കു മത്സരിച്ചു. രണ്ട് പ്രാവശ്യം കേന്ദ്രമന്ത്രിയുമായി.

2009 ലെ തെരഞ്ഞെടുപ്പിൽ പരാജയം രുചിച്ച വിനോദ് ഖന്ന 2014 ൽ ശക്തമായി തിരിച്ചെത്തി. ജീവിതത്തിലെ ഒന്നിനെക്കുറിച്ചും വേവലാതിപ്പെടാത്ത ഒരു സന്യാസിയുടെ മനോഭാവമായിരുന്നു വിനോദ് ഖന്നയ്ക്ക്. ഉയർച്ചതാഴ്ചകൾ അദ്ദേഹത്തിനെ അലട്ടിയതേയില്ല. പ്രശസ്തി ഒരിക്കലും ഭാരമായില്ല.

കാൻസർ ബാധിതനായി ചികിത്സയിലായിരുന്ന വിനോദ് ഖന്ന വിടപറയുമ്പോൾ ബോളിവുഡിലെ താന്തോന്നികളായ നായകരിൽ ഒരാളെയാണു നമുക്കു നഷ്ടമാകുന്നത്.



Saturday, August 26, 2017

റിഫിഫി: ഹോളിവുഡിന്റെ ഫ്രഞ്ച് മിശ്രണം

ഹോളിവുഡ് ആക്ഷന്‍/ത്രില്ലര്‍ സിനിമകള്‍ അമ്പരപ്പിക്കാറുള്ളത് അതിലെ സാങ്കേതികവിദ്യകള്‍ കൊണ്ടാണ്. ഫിലിം മേയ്ക്കിംഗിലെ സൂത്രപ്പണികള്‍ അല്ല ഉദ്ദേശിച്ചത്, സിനിമയ്ക്കുള്ളില്‍ കഥാഗതിയുടെ ഭാഗമായി വരുന്ന സാങ്കേതികവിദ്യകളാണ്. ജയിംസ് ബോണ്ട്, മിഷന്‍ ഇംപോസിബിള്‍ പോലെയുള്ള സിനിമകള്‍ കാമ്പില്ലാത്ത കഥയുമായി വരുകയാണെങ്കിലും പ്രേക്ഷകരുടെ പ്രശംസ നേടുന്നത് അത്ഭുതപ്പെടുത്തുന്ന സാങ്കേതികവിദ്യകളുടെ പ്രദര്‍ശനം കൊണ്ടാണ് (ഇത്തരം ഹോളിവുഡ് സിനിമകള്‍ ഒളിച്ചു കടത്തുന്ന രാഷ്ട്രീം വേറെ വിഷയമാണ്).




ജൂള്‍സ് ഡാസിന്‍ സംവിധാനം ചെയ്ത് ഫ്രഞ്ച് സിനിമയായ റിഫിഫി മികച്ച ക്രാഫ്റ്റിന്‌റെ പേരില്‍ പ്രശംസ നേടിയിട്ടുള്ളതാണ്. അതോടൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നതാണ് അതിലെ പ്രസിദ്ധമായ മോഷണരംഗത്തില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവൈദഗ്ദ്ധ്യവും. മോഷ്ടാക്കള്‍ മോഷണത്തിനു തയ്യാറെടുക്കുന്നത് വ്യക്തമായ ആസൂത്രണവുമായാണ്. കൊള്ള നടത്താന്‍ ഉദ്ദേശിക്കുന്ന പരിസരത്തിനെപ്പറ്റി കൃത്യമായ ധാരണയുമായാണ് അവര്‍ പണിയ്ക്കിറങ്ങുന്നത്. അതിനൊപ്പം തന്നെ, അതിനാവശ്യമായ ഉപകരണങ്ങളും അവര്‍ കൊണ്ടുപോകുന്നുണ്ട്. ഒരു വാഹനത്തിന്‌റെ എഞ്ചിന്‍ അഴിച്ചുപണിയാന്‍ എന്തൊക്കെ ഉപകരണങ്ങള്‍ ആവശ്യമാണോ അതേ നിലയില്‍ തന്നെയാണ് അവര്‍ ഉപകരണങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. ഒരു കുട പോലും അവര്‍ ഉപയോഗിക്കുന്നുണ്ട്.



സിനിമയിലെ ഏറ്റവും ദൈര്‍ഘ്യം കൂടിയ ഭാഗമാണ് ആഭരണമോഷണം. അത് സമയമെടുത്ത്, പ്രേക്ഷകരെക്കൂടി ഉള്‍പ്പെടുത്തി, നിശ്ശബ്ദമായിട്ടാണ് ചെയ്തിട്ടുള്ളത് (ആ രംഗങ്ങളില്‍ പശ്ചാത്തലസംഗീതം ഉപയോഗിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നെന്ന് ആലോചിക്കുന്നത് തന്നെ ഭീകരമായിരിക്കും).


ഫ്രഞ്ച് നോയർ സിനിമയായിരിക്കുമ്പോഴും ഹോളിവുഡ് സിനിമയുടെ ശൈലിയെ പൂർണ്ണമായും ഉപേക്ഷിക്കുന്നില്ല സംവിധായകൻ. ഗൊദാർദിന്റെ ബാന്റ് ഓഫ് ഔട്ട്സൈഡേഴ്സ്, ബ്രത്ത് ലസ്സ് തുടങ്ങിയ സിനിമകൾ ഫ്രഞ്ച് സിനിമയുടെ വഴികാട്ടികളായപ്പോൾ അതിനും മുമ്പ് വന്ന റിഫിഫി ഹോളിവുഡ് ചായ് വ് പ്രദർശിപ്പിച്ചു. ഒരു പക്ഷേ, സംവിധായകൻ ഹോളിവുഡിൽ പയറ്റിത്തെളിഞ്ഞ് വന്നതു കൊണ്ടായിരിക്കണം അങ്ങിനെ വന്നത്.

ഹോളിവുഡ് ബ്ലാക്ക് ലിസ്റ്റിൽ പെട്ടുപോയ ഡാസിൻ ഫ്രഞ്ച് സിനിമയിൽ അഭയം തേടിയത് എന്തായാലും ലോകസിനിമയ്ക്ക് വിലപ്പെട്ട സംഭാവനയായി മാറി.

തുടക്കത്തിൽ പറഞ്ഞ ബോണ്ട്, മിഷൻ ഇമ്പോസിബിൾ പോലെയുള്ള സിനികളിലെ കാമ്പില്ലായ്മ റിഫിഫി മറികടക്കുന്നത് വൈകാരികതയിലൂന്നിയ കഥാതന്തു കൊണ്ടാണ്. ഹോളിവുഡിന്റെ ഒരു രീതിയാണത്. പ്രേക്ഷകരെ ഒരു ബന്ധത്തിൽ, തകർച്ചയിൽ കുരുക്കിയിട്ടാലേ യഥാർത്ഥത്തിൽ കാണിക്കാൻ ഉദ്ദേശിച്ചിരുന്നതിന് സ്വീകാര്യത കിട്ടുയെന്ന് അവർക്ക് നന്നായറിയാം. ഇവിടെ വൈകാരികത വെറുതേ കുത്തി നിറയ്ക്കാതെ വിശ്വനീയമായ ഒരു പശ്ചാത്തലത്തിന്റെ സഹായത്തോടെ ഡാസിൻ അത് സാധിച്ചെടുക്കുന്നു. എന്നിരിക്കുമ്പോഴും ലോകത്തിന്നോളമുണ്ടായിട്ടുള്ള ക്രൈം സിനിമകളിൽ റിഫിഫി മുന്നിട്ട് നിൽക്കുന്നത് അര മണിക്കൂർ നീളുന്ന മോഷണരംഗത്തിന്റെ കൃത്യമായ ചിത്രീകരണം കൊണ്ടു തന്നെയാണെന്ന് പറയാം.

Friday, July 7, 2017

ജീവചരിത്ര സിനിമകൾ

പൊതുവേ മലയാളത്തിലെ ജീവചരിത്രസിനിമകള്‍ സങ്കീര്‍ണമാണ്. ഒരുപാട് കാര്യങ്ങള്‍ ഏതാനും മണിക്കൂറിനുള്ളില്‍ പറഞ്ഞു തീര്‍ക്കാനുള്ള ശ്വാസം മുട്ടല്‍ എല്ലാത്തിലും ഉണ്ടാകും. കമലിന്റെ സെല്ലുലോയ്ഡ് പോലെയുള്ള ജീവചരിത്രങ്ങള്‍ കൈയടക്കമില്ലാതെ പോയതും തിടുക്കം കാരണമായിരിക്കും. സിനിമയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ അധികമാകുമ്പോള്‍ സ്വാഭാവികമായും നിരസിക്കേണ്ടത് ഏതൊക്കെ എന്ന ആശയക്കുഴപ്പം ഉണ്ടാകാം. വടക്കന്‍ വീരഗാഥ മികച്ച സിനിമ എന്ന ഖ്യാതി നേടിയിട്ടുണ്ടെങ്കിലും സങ്കീര്‍ണമായി തോന്നിയിരുന്നു. രണ്ട് മണിക്കൂറില്‍ താഴെ ദൈര്‍ഘ്യമുള്ള അത് കണ്ടുകഴിയുമ്പോള്‍ ദിവസങ്ങള്‍ കടന്നു പോയതു പോലെ തോന്നും. മനസ്സില്‍ അവശേഷിക്കുന്നത് പഞ്ച് ഡയലോഗുകളും പാട്ടുകളും സംഘട്ടനങ്ങളും മാത്രമായിരിക്കും. അവിടെ നഷ്ടമാകുന്നത് ആ വ്യക്തിയുടെ ജീവിതത്തിന്റെ/പ്രാധാന്യത്തിന്റെ ഉള്‍ക്കാഴ്ചകള്‍ ആയിരിക്കും. എളുപ്പം മറന്നു പോകാവുന്ന വീരന്മാരെ സൃഷ്ടിക്കാന്‍ മാത്രമേ അത്തരം സിനിമകള്‍ ഉപകരിക്കൂ.

കേരളവര്‍മ്മ പഴശ്ശിരാജയിലൊക്കെ എത്തുമ്പോള്‍ അതിന്റെ പരമോന്നത കാണാം. റാംബോ പോലെയൊരു യോദ്ധാവിനെ മാത്രമേ അതില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളൂ.

ചരിത്രവ്യക്തിയുടെ വീരസ്യം വിളമ്പുന്നതു മാത്രമല്ലാതെ, അവരുടെ ജീവിതത്തിലെ ചില പ്രത്യേക സംഭവങ്ങള്‍, സന്ദര്‍ഭങ്ങള്‍ മുതലായവയെ അവലംബമാക്കി അവരുടെ മൊത്തം വ്യക്തിത്വത്തിനെ വെളിപ്പെടുത്തുന്ന സിനിമകള്‍ കൂടുതല്‍ അടുപ്പം തോന്നിപ്പിക്കുന്നവയാണ്. മലയാളത്തില്‍ അത്തരം സിനിമകള്‍ അപൂര്‍വ്വം തന്നെയാണ്.ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക് അത്തരത്തിലൊന്ന്.

ദ അയണ്‍ ലേഡി, 12 ഇയേഴ്‌സ് എ സ്ലേവ്, ഡാലസ് ബയേഴ്‌സ് ക്ലബ്, ദ ലാസ്റ്റ് കിംഗ് ഓഫ് സ്‌കോട്ട്‌ലന്റ്, എ ബ്യൂട്ടിഫുള്‍ മൈന്റ് തുടങ്ങി അനേകം സിനിമകള്‍ (വാണിജ്യസിനിമകള്‍ ഉള്‍പ്പടെ) മനോഹരമായി ജീവിതകഥ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ അത്തരം ഒരു കഥപറച്ചിലിനു സാധ്യതയില്ല എന്ന അവസ്ഥയുണ്ടോ എന്നറിയില്ല. നമ്മുടെ സിനിമാക്കാര്‍ തരുന്നത് വീരപാണ്ഡ്യന്മാരുടെ സാഹസികകഥകള്‍ മാത്രമാണല്ലോ.

മലയാളത്തില്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമ പൊതുവേ അങ്ങിനെയാണ്. കുറച്ച് ചോര തിളപ്പിക്കാതെയൊന്നും ജീവചരിത്രം എടുക്കാന്‍ പ്രയാസമാണ്. വിറ്റു പോകും എന്ന ഉറപ്പ് അവര്‍ക്കുണ്ടാകുമായിരിക്കും. അത് ആമിര്‍ ഖാന്‍ ആയാലും, കമലഹാസന്‍ ആയാലും അതേ. ഉജ്ജ്വലമായ, വെടിക്കെട്ടിന് സമാനമായ പര്യവസാനം ഇല്ലാതെ ചരിത്രപുരുഷന്റെ ചരിതം പൂര്‍ണ്ണമാവില്ലെന്ന് അവര്‍ തീരുമാനിച്ചിരിക്കുന്നു (അംബേദ്കര്‍ എന്ന സിനിമ കണ്ടിട്ടില്ല).



Friday, March 24, 2017

അച്ഛന്റെ ആദ്യസിനിമയിലെ നായകനെ നായകനാക്കി ധനുഷിന്റെ ആദ്യസിനിമ

ഒട്ടേറെ പ്രത്യേകതകളുമായാണ് പുതിയ തമിഴ് സിനിമയായ പവർ പാണ്ടി തയ്യാറാകുന്നത്. നടൻ, നിർമ്മാതാവ്, ഗായകൻ എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷം ധനുഷ് സംവിധായകന്റെ കുപ്പായം അണിയുന്നു എന്നത് തന്നെയാണ് പ്രധാന പ്രത്യേകത.

സിനിമ സംവിധാനം ചെയ്യുക എന്നത് എന്റെ വളരെ നാളത്തെ സ്വപ്നമാണ്എന്ന് ധനുഷ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ആ സ്വപ്നം യാഥാർഥ്യമാകുകയാണ്.
രാജ്കിരൺ നായകനായി അഭിനയിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ധനുഷിന്റെ പിതാവ് കസ്തൂരിരാജ ആദ്യമായി സംവിധാനം ചെയ്തഎൻ രാസാവിൻ മനസ്സിലേഎന്ന്ചിത്രത്തിലെ നായകൻ രാജ്കിരൺ ആയിരുന്നു. രാജ്കിരൺ നായകവേഷം ചെയ്യുന്ന ആദ്യത്തെ ചിത്രവും അതായിരുന്നു. ഇരുപത്തിയേഴ് വർഷങ്ങൾക്ക് മുമ്പായിരുന്നു അത്.

അങ്ങിനെ രണ്ട് തലമുറകളിലെ സംവിധായകരുടെ ആദ്യചിത്രങ്ങളിൽ നായകനാകുക എന്ന അപൂർവ്വമായ അവസരം ആണ് രാജ്കിരണിനെ തേടിയെത്തിയിരിക്കുന്നത്.

അതിനെപ്പറ്റി രാജ്കിരണിന് പറയാനുള്ളത്:

സംവിധായകൻ കസ്തൂരിരാജ 27 വർഷങ്ങൾക്ക് മുമ്പ്എൻ രാസാവിൽ മനസ്സിലേഎന്ന സിനിമ വഴി എന്നെ നായകനാക്കി പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ മകൻ, എന്റെമരുമകൻ ധനുഷ്എന്നെ വീണ്ടും നായകനാക്കി പരിചയപ്പെടുത്തുന്നു. ഇങ്ങനെയൊരു അനുഭവം ആർക്കും ലഭിക്കില്ല. തമിഴ്, തെലുങ്ക്, ഹിന്ദി, ഹോളിവുഡ് എന്നിങ്ങനെ പല രംഗങ്ങളിലും വിജയിച്ച ഇദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യത്തെ സിനിമയിൽ അഭിനയിക്കാൻ രജനീ സാറിനെ വിളിച്ചാൽപ്പോലും വരുമായിരുന്നു. എന്നാൽഞാൻ രാജ്കിരണിനെ ഹീറോയാക്കിയേ സിനിമയെടുക്കൂഎന്ന തീരുമാനത്തിൽ ധനുഷിന്റെ ആത്മവിശ്വാസം കാണാം.”

സിനിമയെപ്പറ്റി ധനുഷ് പറയുന്നത്:

ലോകത്തിൽ നല്ലതും ഉണ്ട് ചീത്തയും ഉണ്ട്. ഓരോ മനുഷ്യന്റെയുള്ളിലും സ്നേഹമുണ്ട്, വെറുപ്പുമുണ്ട്. ഏത് തെരഞ്ഞെടുക്കണം, ഏത് വേണം എന്ന് തീരുമാനിക്കുന്നത് നമ്മുടെ കൈയിലാണുള്ളത്. ചുറ്റുമുള്ളവരുടെ സ്നേഹം, സമാധാനം എന്നിങ്ങനെ പോസിറ്റീവ് ആയ വിഷയങ്ങൾ മാത്രം സ്വീകരിച്ചാൽ സമാധാമായിരിക്കാം എന്നതാണ് പവർ പാണ്ടി. ഈ സിനിമയ്ക്ക് കിട്ടിയ അനുഗ്രഹമാണ് രാജ്കിരൺ സർ. അദ്ദേഹത്തിന്റെ ചിരിയും പിന്തുണയും സ്നേഹവുമാണ് ഈ സിനിമയെ പൂർത്തിയാക്കുന്നത്. ഈ സിനിമയെ പോസിറ്റീവ് ആക്കുന്നത് മുഴുവനായും രാജ്കിരൺ സർ ആണ്.”

നായകനായി അഭിനയിച്ച ആദ്യചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം നേടിയിരുന്നു രാജ്കിരൺ. തുടർന്ന് ഇരുപത്തിയഞ്ചിലധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. അഞ്ച് സിനിമകൾ നിർമ്മിക്കുകയും ചെയ്തു.
പവർ പാണ്ടിയിൽ രാജ്കിരണിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് സംവിധായകൻ ധനുഷ് തന്നെയാണ്. ഏതാണ്ട് മുപ്പത് മിനിറ്റുകൾ നീളുന്ന കഥാപാത്രമാണ് ധനുഷ് ചെയ്യുന്നതെന്നറിയുന്നു.

ധനുഷിന്റെ ആദ്യസിനിമയായ തുള്ളുവതോ ഇളമൈ സംവിധാനം ചെയ്തത് അച്ഛൻ കസ്തൂരിരാജ തന്നെയായിരുന്നു. അച്ഛൻ ആദ്യം സംവിധാനം ചെയ്ത സിനിമയിലെ നായകനെത്തന്നെ തന്റെ ആദ്യ സംവിധാന സംരംഭത്തിൽ നായകനാക്കിയത് ഗുരുദക്ഷിണയായി കണക്കാക്കാമോ!

രേവതി സിനിമയിൽ കഥാപാത്രം ചെയ്യുന്നതും ധനുഷ് സിനിമയുടെ ബലം ആയി കണക്കാക്കുന്നു. സംവിധായക കൂടിയായ രേവതിയോട് ഇന്നത് ചെയ്യണമെന്ന് പറയേണ്ട ആവശ്യമില്ലായിരുന്നെന്ന് അദ്ദേഹം ഓർക്കുന്നു.
ഏപ്രിൽ 14 നാണ് പവർ പാണ്ടി തിയേറ്ററുകളിൽ എത്തുക.

പവർ പാണ്ടി ട്രെയിലർ



Wednesday, March 15, 2017

മെഹെർഷല അലി: വംശീയതയും ഇരകളും ഓസ്കാറും

ഓസ്കാർ പുരസ്കാരദാന ചടങ്ങിൽ വച്ച് മുസ്ലീം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് അമേരിക്കയിലേയ്ക്ക് പ്രവേശനം വിലക്കിയ ട്രം പിന്റെ തീരുമാനത്തിനോടുള്ള പ്രതിഷേധം ഇരമ്പിയത് ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിയുടെ കത്തിലൂടെയായിരുന്നു. എന്നാൽ അതേ ഓസ്കാർ ചടങ്ങിൽ മറ്റൊരാൾ ചരിത്രം സൃഷ്ടിക്കുന്നുണ്ടായിരുന്നു. മികച്ച സഹനടനുള്ള പുരസ്കാരം വാങ്ങിയ മെഹെർഷല അലി ആണത്. അഭിനയത്തിനുള്ള ഓസ്കാർ വാങ്ങുന്ന ആദ്യത്തെ മുസ്ലീം നടൻ ആണ് അലി. മൂൺലൈറ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അലി പുരസ്കാരം നേടിയത്.


1974 ഇൽ കാലിഫോർണിയയിൽ ജനിച്ച അലി വളർന്നത് കൃസ്ത്യൻ വിശ്വാസരീതിയിലായിരുന്നു. പിന്നീട് മുസ്ലീം മതത്തിലേയ്ക്ക് മാറിയ അലി അഹമ്മദിയ മുസ്ലീം സമൂഹത്തിൽ ചേർന്നു. നെറ്റ്ഫ്ലിക്സ് സീരീസ് ആയ ഹൗസ് ഓഫ് കാർഡ്സിലൂടെയാണ് അലി ശ്രദ്ധിക്കപ്പെടുന്നത്. ലൂക്ക് കേജ്, ദ ഹംഗർ ഗെയിംസ് എന്നീ സീരീസുകളിലും അദ്ദേഹം അഭിനയിച്ചു. അതിനു ശേഷമാണ് ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ഡേവിഡ് ഫിഞ്ചറിന്റെ ദ ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിൻ ബട്ടൻ പോലുള്ള ചിത്രങ്ങളിലും അഭിനയിച്ചു. ടെലിവിഷൻ സീരീസുകളിലും സിനിമകളിലുമായി അലി തന്റെ സാന്നിദ്ധ്യം എല്ലായിപ്പോഴും ഉറപ്പിച്ചു.
അടുത്തിടെ ഒരു ബ്രിട്ടീഷ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ താൻ എഫ് ബി ഐ നിരീക്ഷണത്തിൽ ആയിരുന്നെന്ന കാര്യം വെളിപ്പെടുത്തുന്നുണ്ട്. 2001 സെപ്റ്റംബർ 11 ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു ശേഷമായിരുന്നു അത്.

ഒരു കറുത്ത വർഗ്ഗക്കാരനായി ഏതാനും പതിറ്റാണ്ടുകൾ അമേരിക്കയിൽ ജീവിച്ച ശേഷം ഇസ്ലാം മതത്തിലേയ്ക്ക് മാറുമ്പോൾ, ഒരു മുസ്ലീം എന്ന നിലയ്ക്കുള്ള വിവേചനം വലിയ ആഘാതമൊന്നും ഉണ്ടാക്കില്ലെന്ന് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു.

എന്നെ പിടിച്ചു നിർത്തി തോക്ക് എവിടെയെന്ന് ചോദിച്ചിട്ടുണ്ട്, ഞാനൊരു ദല്ലാൾ ആണോയെന്ന് ചോദിച്ചിട്ടുണ്ട്, എന്റെ കാർ എടുത്തുകൊണ്ട് പോയിട്ടുണ്ട്. തങ്ങൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു പുതിയ വിവേചനം ആണെന്ന് മുസ്ലീംങ്ങൾക്ക് തോന്നുമായിരിക്കും. പക്ഷേ, ഇതൊന്നും ഞങ്ങൾക്ക് പുതിയതല്ല,” അലി പറഞ്ഞു. ന്യൂ യോർക്കിലെ മോശം അനുഭവങ്ങൾ കാരണം അലിയുടെ ഭാര്യ ഹിജാബ് ഉപേക്ഷിച്ച കാര്യവും അലി ഓർത്തു.

ഒട്ടേറേ മുസ്ലീങ്ങൾ ഓസ്കാർ പുരസ്കാരം നേടിയിട്ടുണ്ട്. പാകിസ്താനിലെ ഡോക്യുമെന്ററി സംവിധായകൻ ആയ ഷർമീൻ ഒബൈദ്-ചിനോയ്, ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദി എന്നിവരെപ്പോലെ. പക്ഷേ, അഭിനയത്തിനുള്ള ഓസ്കാർ ആദ്യമായി വാങ്ങുന്ന മുസ്ലീം അലി തന്നെ.

അലിയുടെ ഈ വിജയം മുസ്ലീം എന്ന നിലയ്ക്ക് മാത്രമല്ല, വംശീയവിവേചനം അനുഭവിക്കുന്ന അമേരിക്കയിലെ ആഫ്രിക്കൻ-അമേരിക്കൻ വംശജൻ എന്ന നിലയ്ക്കും പറയപ്പെടേണ്ടതാണ്. യാത്രാവിലക്കുകളും വെടിവച്ചു കൊല്ലലും നയമാക്കി എടുക്കുന്ന ഈ സാഹചര്യത്തിൽ പ്രത്യേകിച്ചും.


 27/02/2017